Memories

Arun Peter KP

Kurisinkal House

Anapuzha

Kodungallur

പഴയ വരാപ്പുഴ അതിരൂപതയിലെ തിരുത്തിപ്പുറം ആശുപത്രിയിലെ ഏതോ ഒരു മുറിയില്‍ കൊടുങ്ങല്ലൂര്‍ ആനാപ്പുഴ ബാസ്റ്റ്യന്‍തുരുത്തില്‍ കുരിശ്ശിങ്കല്‍ പീറ്ററിന്റെയും ഭാര്യ കാതറിന്‍ ട്രീസയുടെയും മൂന്നാമത്തെ കുട്ടിയായി അരുണ്‍ പീറ്റര്‍ കെ.പി. എന്ന ഞാന്‍ ജനിച്ചു. ഏതൊരു കുട്ടിയെപ്പോലെ ഞാനും ലോകകാഴ്ചകള്‍ കണ്ട് വളര്‍ന്നിട്ടുണ്ടാകും. ദൈവം എന്ന ശക്തി ലോകത്തുണ്ടെങ്കില്‍ അന്ന് ജീവിതത്തിലേയ്ക്കെന്നെ അല്പം വൈകി കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കണം !? ഞാന്‍ ജനിച്ചതിനു ശേഷം അല്പനിമിഷത്തേയ്ക്ക് അനക്കമുണ്ടായിരുന്നില്ല എന്ന് അമ്മച്ചി എന്നോട് എയ്ബലിന്റെ ജനനസമയത്ത് പറഞ്ഞിട്ടുണ്ടായിരുന്നു.
മരണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ കൈക്കുഞ്ഞായ എന്നെ എടുത്ത് അമ്മച്ചീടെ നാടായ വരാപ്പുഴയില്‍ നിന്നും ഇന്നത്തെ വരാപ്പുഴ പാലത്തിനു സമീപത്തെ കടത്തുകടവില്‍ വരാപ്പുഴയില്‍ നിന്നും മണ്ണംതുരുത്തിലേക്ക് വഞ്ചിയില്‍ പുഴകടക്കുമ്പോള്‍ ഓളമായ് വന്നെന്നെ ഭയപ്പെടുത്തിയിട്ടുണ്ടത്രെ!
എന്റെ ഓര്‍മ്മവണ്ടിയുടെ ചക്രങ്ങള്‍ പിന്നോട്ടുരുളുമ്പോള്‍ മനസിലേക്കോടിയെത്തുന്നത് കോട്ടപ്പുറം സെന്റ്. ആന്‍സ് സ്കൂളിലെ ജോലികഴിഞ്ഞെത്തുന്ന അമ്മച്ചി എന്നെ അടുക്കളയില്‍ വാഷ് ടബിനു അടുത്തുള്ള ജനലിനരുകില്‍ അമ്മച്ചീടെ ഒക്കത്തിരുത്തി പുറത്തെ പത്തു സെന്റിന്റെ വേലിയിലിരിക്കുന്ന ഉപ്പനെക്കാട്ടി ചോറു വാരിത്തരുന്നതാണ്. മഴക്കാലമായിരുന്നിരിക്കും. മുറ്റത്ത് മണ്ണിര പുറത്തേക്കെടുത്ത മണ്‍കൂന അവിടവിടെ കാണാമായിരുന്നു. ഒരു ദിനം മുഴുവന്‍ അമ്മയെ കാണാതിരുന്നതിനാലാവണം ഈ ഓര്‍മ്മ ഒരു ജൂണ്‍ മാസത്തിലേതായിരിക്കും എന്ന് എനിക്ക് തോന്നുന്നത്.
എന്റെ പഠനം ആരംഭിച്ച കാലം. ഇന്ന് ഗേള്‍സ് ഹോം നില്‍ക്കുന്ന സ്ഥലത്തായിരുന്നു സെന്റ്. ആന്‍സ് സ്കൂളിലെ പഴയ നേഴ്സറി നിന്നിരുന്നത്. ഒരു ടീച്ചറിന്റെ മകനാണെങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാലയത്തിനോടെനിക്ക് പേടിയായിരുന്നു. ഞാനും അന്നത്തെ അവിടത്തെ സിസ്റ്ററും തമ്മിലുള്ള 'ബലപരീക്ഷണങ്ങള്‍' ക്കിടയില്‍ സിസ്റ്ററിന്റെ ഉടുപ്പ് കടിച്ചു കീറിയകാര്യം ഞാന്‍ മുതിര്‍ന്നപ്പോഴും എന്നോട് പറയുമായിരുന്നു. ഞാന്‍ മുതിര്‍ന്നപ്പോള്‍ എന്റെ വിവാഹത്തിന് ഞാന്‍ ആദ്യം ക്ഷണിച്ചത് സിസ്റ്ററിനെയായിരുന്നു.
എന്റെ സമപ്രായക്കാരായി അവിടെ ആനി ടീച്ചറുടെ മകള്‍ ദിവ്യ ഉണ്ടായിരുന്നു. അവളോടൊപ്പം ആ കുരുന്നു കൈയ്യേല്‍ പിടിച്ച് നേഴ്സറിക്കു മുന്നിലെ പൂന്തോട്ടത്തിനരുകില്‍ ചരിച്ചു വച്ചിരിക്കുന്ന ഇഷ്ടികകള്‍ക്ക് മുകളിലൂടെ നടക്കുന്ന ചിത്രം ഇന്നും ഞാനോര്‍ക്കുന്നു. രാത്രിയില്‍ ഭക്ഷണം തയ്യാറാക്കാന്‍ അടുക്കളയിലിരിക്കുന്ന അമ്മച്ചിയോടൊപ്പം അടുക്കള സഹായിയായ രുക്മിണി വല്യമ്മയുടെ സമീപത്തിരിക്കുമ്പോള്‍ നേഴ്സറിയില്‍ പഠിപ്പിച്ച 'രാജാവിന്റെ അണിയറയില്‍ റാണി വന്നപ്പോള്‍....' എന്ന ആക്ഷന്‍ സോംഗ് പാടി അഭിനയിക്കുന്നതും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു.
ഞങ്ങള്‍, ഞാന്‍, ദിവ്യ, ബേയ്സിലി ടീച്ചറുടെ മകന്‍, ഞങ്ങളായിരുന്നു അന്നത്തെ ടീച്ചര്‍ മക്കള്‍ പട. അക്കാലത്ത് ക്ലാസില്ലാത്ത സമയത്ത് ടീച്ചര്‍മ്മാരുടെ മുറിയിലെ മേശയിലുണ്ടായ ചെറിയ മരചക്രങ്ങള്‍ ഉരുട്ടിക്കളിക്കലായിരുന്നു ഞങ്ങളുടെ പ്രധാന തൊഴില്‍. വീട്ടില്‍ ചെന്നിട്ട് ഉരുട്ടാന്‍ ചില മരചക്രങ്ങളൊക്കെ ഞാന്‍ വീട്ടിലേക്കും കൊണ്ടുവന്നിരുന്നു. അന്ന് ഉരുട്ടാനെടുത്ത കറപ്പും വെളുപ്പുമുള്ള ആ മരച്ചക്രങ്ങള്‍ എന്താണെന്ന് മനസ്സിലായത് പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.
ഓര്‍മ്മകള്‍ പിന്നോട്ടുപോകുമ്പോള്‍ ഓര്‍ത്തു പോകുന്നത്, ഒരു ദിവസം ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ഗവ. ഗേള്‍സ് സ്കൂളിലെ അധ്യാപന ജോലി കഴിഞ്ഞ് സൈക്കിളില്‍ വന്ന അപ്പച്ചന്‍ ബാസ്ക്കറ്റില്‍ രണ്ട് സാധനങ്ങള്‍ കടകളില്‍ നിന്നും വാങ്ങി വച്ചിരുന്നു. ഒന്ന്, ഏത്തപ്പഴം; രണ്ട്, കാല്‍ കെട്ടി വച്ച ഒരു വലിയ കമ്മട്ടി ഞണ്ട് ! പെട്ടി തുറന്ന് പുറത്തെടുക്കാന്‍ ചെന്ന അപ്പച്ചന്‍ കണ്ടത് സ്വതന്ത്രനായി തകൃതിയായി 'ജോലി' ചെയ്യുന്ന ഞണ്ട്. ജോലിയോ ?!, ഞങ്ങള്‍ക്ക് കഴിക്കാനായി കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നിരിക്കുന്ന ഏത്തപ്പഴം കടിച്ചു, അല്ല, ഇറുക്കി മുറിക്കുന്നു! പിന്നെ ഒരു മല്‍പ്പിടുത്തമായിരുന്നു, കടി കൊള്ളാതിരിക്കാന്‍ ഞങ്ങളും കടിക്കാന്‍ ഞണ്ടും. അവനെ വല്ല വിധേനയും കറി വച്ചു തിന്നപ്പോഴാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ആ പ്രതിസന്ധിക്ക് ഒരു പരിഹാരമായത്.
നന്നേ ചെറുപ്പത്തിലെ ഒരു ഓര്‍മ്മ ഞാനിപ്പൊ ഓര്‍ക്കുന്നു. എനിക്ക് തോന്നുന്നത് ഏതാണ്ട് ഞാന്‍ നേഴ്സറിയിലോ അതിനു മുന്‍പോ ആകാം. ഞങ്ങള്‍‌ അഞ്ചുപേരും (അപ്പച്ചന്‍, അമ്മച്ചി, ചേച്ചി, ചേട്ടന്‍ പിന്നെ ഞാനും). പഴയ കാളീശ്വരി തീയറ്ററില്‍ ഞങ്ങള്‍ അഞ്ചുപേരും കൂടി ഒരു സിനിമ കാണാന്‍ പോയി. സ സിനിമയെപ്പറ്റി പ്രത്യേകിച്ച് ഒന്നും ഓര്‍മ്മയില്ല. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ, എന്റെ മനസ്സ് പുറത്ത് വാഹനങ്ങള്‍ കാണാന്‍ കൊതിക്കുകയായിരുന്നു. പാതി സമയത്തെ ഇടവേളയില്‍ പുറത്തു പോയി കാഴ്ചകണ്ടു വന്ന ഞാന്‍ പിന്നെ അകത്ത് കയറി ചെയ്തത് അലറി ഒരു കരച്ചിലായിരുന്നു. എനിക്ക് പുറത്ത് പോയി കാഴ്ച കാണണം! അലറല്‍ കൂടിയപ്പോള്‍ മറ്റുള്ളവരുടെ തുറിച്ചുനോട്ടവും മറ്റും കാരണമായിരിക്കും, സിനിമ കാണല്‍ മതിയാക്കി അഞ്ചുപേരും പുറത്തിറങ്ങി. ചേച്ചിക്കും ചേട്ടനും അന്നു വന്ന ദേഷ്യം എങ്ങിനെയായിരിക്കും?! പഴയ മുഗള്‍ തിയറ്ററിലാണെന്നു തോന്നുന്നു, മറ്റൊരു സിനിമക്കു കൂടി ചെറുപ്പത്തില്‍ എന്നെ കൊണ്ടുപോയിട്ടുണ്ട്. 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്'. പാവങ്ങള്‍! സിനിമ മുഴുവനാക്കാതെ ഇറങ്ങാനായിരുന്നു അന്നും വിധി! അതിനു ശേഷം, ചേച്ചീടേം ചേട്ടന്റേം ശക്തമായ എതിര്‍പ്പു മൂലമാവും, കുറെക്കാലത്തേയ്ക്ക് സിനിമാക്കോട്ട പ്രവേശനം നിഷേധിക്കപ്പെട്ടു.
ഞാന്‍ നേഴ്സറിയില്‍ നിന്നും എന്റെ പുതിയ സങ്കേതത്തിലെത്തി. സെന്റ്. മൈക്കിള്‍സ് എല്‍. പി. സ്കൂള്‍. ഇപ്പോള്‍ അവിടെ പുതിയ കെട്ടിടമൊക്കെ വന്നുകഴിഞ്ഞു. മുകളിലെ ചിത്രത്തില്‍ ഇടത്ത് വശത്ത് കാണുന്ന ആ വാകമരം ഞാന്‍ പഠിക്കുന്ന സമയത്ത് വെറും മൂന്നടി ഉയരത്തിലുള്ളവനായിരുന്നു, അവന്റെയും ചെറുപ്പകാലമായിരുന്നു. ഇന്നും അവനവിടെ നില്‍പ്പുണ്ട്. ജൂണ്‍ മാസത്തിലെ മഴയൊക്കെ നനഞ്ഞ് ഒന്നാം ക്ലാസിന്റെ വരാന്തയിലൂടെ നടന്നു പോകുന്നത് എന്തു രസമായിരുന്നു ! ഒന്നാം ക്ലാസില്‍ ചുവരിനോട് ചേര്‍ന്നു കിടക്കുന്ന ബഞ്ചിലായിരുന്നു ഞാനും റസലും ഇരുന്നിരുന്നത്.ജോണ്‍സണ്‍ മാഷിന്റെയും മേരിടീച്ചറിന്റെയും മകന്‍. മാതാപിതാക്കള്‍ അവിടെ പഠിപ്പിക്കുന്നതിനാല്‍ അവന്‍ എല്‍. പി സ്കൂളിലെ രാജകുമാരനായിരുന്നു.എല്ലാ ദിവസവും ആരംഭിക്കുന്നത് ഞങ്ങള്‍ തമ്മിലുള്ള അടിയിലാണ്. രണ്ടുപേര്‍ക്കും അറ്റത്തിരിക്കണം ! രാവിലെ തന്നെ അറ്റത്തിരിക്കുന്ന എനിക്ക് പക്ഷെ ആ സീറ്റ് വൈകുന്നേരം വരെ നിലനിര്‍ത്താനായിരുന്നില്ല. 11.30 -ന്റെ ഇടവേളയില്‍ എനിക്കാ സീറ്റ് നഷ്ടപ്പെടുമായിരുന്നു. ആ സമയത്താണ് അമ്മച്ചി എനിക്കു കുടിക്കാനുള്ള പാല്‍ക്കുപ്പിയുമായി വരുന്നത്. എല്‍. പി സ്കൂള്‍ അവന്റെ തട്ടകമായതിനാല്‍ 'ടീച്ചര്‍ മകന്‍' എന്ന തുറുപ്പ് ചീട്ടിന് അവിടെ ശക്തി കുറവായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന അവന്‍ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ജോലിനോക്കുന്നു.
ഒന്നാം ക്ലാസില്‍ വച്ചായിരുന്നു ആദ്യത്തെ ടി.ടി. ഇഞ്ചക്ഷന്‍. ഞാന്‍ ജനിച്ച ആശുപത്രിയില്‍ നിന്നും. ഏതോ ഒരു ശനിയാഴ്ച (ശനിയാഴ്ചകളില്‍ അപ്പച്ചന്‍ എന്തെങ്കിലും പണിയൊക്കെയായി പുറത്ത് പറമ്പില്‍ ഉണ്ടാവാറുണ്ട്.)അന്ന് അപ്പച്ചന്‍ മുന്നത്തെ ആഴ്ചയില്‍ തെങ്ങു കയറിയപ്പോള്‍ കിട്ടിയ ഓല കീറുന്നുണ്ടായിരുന്നു. എന്തോ എടുക്കാന്‍ സമീപത്ത് വറ്റിക്കിടന്നിരുന്ന തോട്ടിലേക്കെടുത്തുചാടിയ ഞാന്‍ ചെന്ന് നിന്നത് മുന്‍വര്‍ഷത്തെ പള്ളിപ്പെരുന്നാളില്‍ ചേട്ടന് വാങ്ങിക്കൊടുത്ത മരസര്‍ക്കസുകാരന്റെ തുരുമ്പിച്ച ആണിയുടെ കൂര്‍ത്ത മുനയിലാണ്. അപ്പോള്‍ ഉയര്‍ന്ന കരച്ചിലും വേദനയും നിന്നത് പക്ഷേ ഞായറാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളില്‍ ചെന്നപ്പോഴാണ്. അവിടെ സ്കൂള്‍ വക സ്പെഷല്‍ ഇഞ്ചക്ഷന്‍ പരിപാടി. എല്ലാവരും ഭയന്ന് കരഞ്ഞ് ഇരുന്നപ്പോള്‍ അമ്മച്ചി ശനിയാഴ്ചത്തെ കുത്തിന്റെ കാര്യം നേഴ്സിനോട് പറഞ്ഞിരുന്നതിനാല്‍ ഞാന്‍ മാത്രം രക്ഷപ്പെട്ടു; കുത്തിന്റെ വേദന അപ്പോഴും ഉണ്ടായിരുന്നെങ്കിലും. അമ്മച്ചി നേഴ്സിനോട് എന്താണ് പറഞ്ഞതെന്ന് മറ്റുള്ളവര്‍ക്കറിയാന്‍ പാടില്ലാതിരുന്നതിനാല്‍ ഞാന്‍ മാത്രം കുത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ എല്ലാവര്‍ക്കും എന്നോട് ദേഷ്യമായിരുന്നു.

ആദ്യത്തെ വെള്ളപ്പൊക്കം

ഒന്നാം ക്ലാസില്‍ വച്ചായിരുന്നു ആദ്യമായി വെള്ളപ്പൊക്കത്തിന്റെ സന്തോഷം അനുഭവിക്കുന്നത്. അന്നൊക്കെ മഴക്കാലത്ത് പുഴയും കരയും ഒരേ നിരപ്പിൽ നിൽക്കുന്ന രാത്രികളിലൊക്കെ മഴ പെയ്യുമ്പോൾ ഓരോ തുള്ളിയും താഴെ പതിക്കുമ്പോൾ പറമ്പിൽ നിന്നും വെള്ളത്തിൽ വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ചെവി കൂർപ്പിച്ച് കിടക്കുമായിരുന്നു. പിറ്റെ ദിവസം രാവിലെ വെള്ളം കയറി നിറഞ്ഞ് കിടക്കുന്ന പറമ്പും സ്കൂളിൽ പോവാതെ മുറ്റത്ത് കിടന്ന് നീന്തിത്തിമിർക്കുന്ന സുന്ദരസ്വപ്നവും കണ്ട് ഉറങ്ങുമായിരുന്ന ദിവസങ്ങൾ. കുറഞ്ഞത് മൂന്നു ദിവസമെങ്കിലുമെടുക്കും വെള്ളമിറങ്ങാന്‍. അതുവരെ സ്കൂളില്‍ പോവണ്ട! പുഴയ്ക്ക് അക്കരെ ഉയര്‍ന്ന സ്ഥലമായതിനാല്‍ അക്കരെ താമസിക്കുന്ന പൊട്ടന്റെ വഞ്ചി ഞങ്ങള്‍ കടം വാങ്ങിക്കും. വെള്ളമിറങ്ങുന്നതു വരെ വീടിന്റെ മുന്നിലെ ജനലില്‍ കെട്ടിയിട്ടിരിക്കും. രാവിലെ ഭക്ഷണത്തിനു ശേഷം നടന്നു പോവാറുള്ള വഴികളിലൂടെ ഒരു വഞ്ചി സഫാരി. വലിയ വള്ളങ്ങളെല്ലാം തെങ്ങിനും മരങ്ങളുടെയെല്ലാം ഇടയിലൂടെ വളഞ്ഞും തിരിഞ്ഞുമെല്ലാം പോകുന്നുണ്ടാവും. നേരെ അമ്മാമ്മ വീട്ടില്‍ നിന്നും കയറ്റാവുന്നവരെയൊക്കെ കയറ്റി 'കര'യിലൂടെ ഒരു കറക്കം. കൃഷ്ണന്‍കോട്ടയിലെ ഇന്നത്തെ പാലമില്ല. റോഡാണെങ്കില്‍ പാലിയംതുരുത്ത് സ്കൂള്‍ വരെയുള്ളു. കടത്തുവഞ്ചികളെല്ലാം വാര്‍ണ്ണിക്കുട്ടി വല്ല്യപ്പന്റെ കടയുടെ അരികു വരെ വന്നിട്ടുണ്ടാവും. കടയില്‍ നിന്നും എള്ളുണ്ടയും മുറുക്കും വാങ്ങി തിരികെ പറമ്പിലൂടെയുമൊക്കെയായി കിഴക്ക് ആന്റി അമ്മാമ്മയുടെ വീട്ടിലേക്ക്. കരയാണെന്നു കരുതി കുളത്തിലും തോട്ടിലുമൊക്കെ കുത്തിയപ്പോഴുണ്ടായ അങ്കലാപ്പുമായി പല വള്ളക്കാരും പ്രത്യേകിച്ച് ട്രാഫിക്ക് നിയമങ്ങളൊന്നുമില്ലാതെ തലങ്ങും വിലങ്ങും പോവുന്നതും കാണാം. കുട്ടികള്‍ പറമ്പില്‍ നില്‍ക്കുന്ന വാഴകളൊക്കെ വെട്ടി ചങ്ങാടമുണ്ടാക്കി അവിടവിടെ തുഴയുന്നുണ്ടാവും. ഓര്‍മ്മകളുടെ ഉത്സവമായി ഈ വെള്ളപ്പൊക്കങ്ങള്‍ മാറുമ്പോള്‍ വീടിന്റെ ചവിട്ടുപടിയില്‍ നിന്നും വഞ്ചിയില്‍ കയറുന്ന ആ അനുഭവം ഇനിയുമുണ്ടാവുമോ !?
ഇന്ന് എഡിസ൯ ചേട്ട൯ താമസിക്കുന്ന പറമ്പിൽ ജോബ് വല്ല്യപ്പന്റെ വീടിന് മുമ്പിലായി വലിയൊരു വെള്ളത്തുണി വലിച്ചുകെട്ടി ബൈബിൾ ആസ്പദ കഥകളുടെ സിനിമാപ്രദർശനം നടത്തിയിരുന്നു. പ്രദേശത്തെ എല്ലാ ആൾക്കാരും അവിടെ ഒത്തുകൂടി ആ സിനിമ കണ്ടിരുന്നു. മിഷ൯ പ്രവർത്തന ഭാഗമായിരുന്നിരിക്കും ഇത്തരം സിനിമ പ്രദർശനങ്ങൾ. അതോ ഇനി ലയോച്ച൯ ചേട്ടന്റെ പെന്തക്കൊസ്ത ടീം ആയിരുന്നോ എന്നൊന്നും ഓർക്കുന്നില്ല.

ഞങ്ങളുടെ സ്വന്തം നായ്ക്കുട്ടികള്‍

​എനിക്ക് പ്രകൃതിയിലെ ജീവജാലങ്ങളോട് വലിയ കമ്പമായിരുന്നു. പ്രത്യേകിച്ച് നായ വിഭാഗത്തോട്.എന്റെ ഓര്‍മ്മയില്‍ ആദ്യത്തെ പട്ടിയായിരുന്നു ബ്യൂസി.മുഴുവന്‍ പേര് ബ്യൂസി ഫാലസ്സ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുതിരയുടെ പേര്.ഡാഷ്ഹണ്ട് ഇനത്തില്‍പെട്ട അവനെ ചേര്‍ത്തല പള്ളിത്തോട് പെലിക്കപ്പാപ്പന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നതായിരുന്നു. അമ്മാമ്മവീട്ടിലെ എല്ലാവരുടെയും അരുമയായിരുന്നു അവന്‍. എപ്പഴോ അഴിച്ചിട്ട സമയത്ത് കഴുത്തില്‍ ബെല്‍റ്റ് ഇല്ലാതിരുന്നതിനാല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടിയാന്നു കരുതി പട്ടിപിടുത്തക്കാര്‍ പിടിച്ചുകൊണ്ടുപോയി. പാവം! പിന്നീട് വളര്‍ത്തിയ പട്ടികള്‍ക്കൊക്കെ അവന്റെ ഓര്‍മ്മയ്ക്ക് ബ്യൂസി എന്നാണ് പേര് കൊടുത്തത്. ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു എന്റെ ഓര്‍മ്മയുള്ള കാലം മുതല്‍. ആദ്യത്തെ പട്ടി ഒരു ഡാഷ്ഹണ്ട് ആയിരുന്നു. അവനെപ്പറ്റി, പക്ഷേ, കേട്ടുകേള്‍വിയേ ഉള്ളു എനിക്ക്. പേര് എന്തായിരുന്നോ, ഷോട്ട്. പേര് ഷോട്ട്, വിധി ഷൂട്ട് ആയിരുന്നു. പലപ്പോഴും അവന്‍ നാട്ടുകാരെ കടിക്കുമായിരുന്നു. ആവശ്യമായ കുത്തുവെപ്പൊക്കെ എടുത്തിട്ടുണ്ട് എങ്കിലും ആള്‍ക്കാര്‍ക്കൊക്കെ പേടിയായിരുന്നു.അതുകൊണ്ടു തന്നെ അപ്പച്ചന് ഇവന്‍ ഒരു തലവേദന ആയിരുന്നു. പക്ഷേ ഒരിക്കല്‍ ഇവന്‍ അമ്മച്ചിയുടെ ആങ്ങള ഏയ്ഞ്ചലങ്കിളിനെ കടിക്കാന്‍ വന്നപ്പോള്‍, പിന്നെ ഒന്നും ഓര്‍ത്തു കാണില്ല.
ഞാന്‍ കണ്ടിട്ടുള്ളതില്‍ ആദ്യത്തെത് പെപ്പിറ്റാസ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പട്ടിയുടെ പേരാണ് പെപ്പിറ്റാസ്.(പക്ഷെ പിന്നീട് എനിക്ക് മനസിലായി പെരിറ്റാസ് എന്നാണ് ശരിക്കും പേരെന്ന് ) ഞാനവനെ പെപ്പി എന്നു വിളിച്ചിരുന്നു. തെങ്ങ് ചതിക്കില്ല എന്നൊക്കെ പറയുമെങ്കിലും ഒരുദിവസം രാത്രിയില്‍ വീടിനു മുന്നിലെ തെങ്ങില്‍ നിന്നും ദേഹത്ത് വീണ തേങ്ങ അവനെ അകാലചരമം പ്രാപിക്കാന്‍ ഇടയാക്കി. അവനു ശേഷം വന്നവനും ഞങ്ങള്‍ പെപ്പിറ്റാസ് എന്ന പേരു നല്‍കി. പ്രായാധിക്യത്തില്‍ അവന്‍ പോയപ്പോള്‍ ഞങ്ങള്‍ പള്ളിപ്പുറത്തു നിന്നും ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ഒരു പട്ടിക്കുട്ടിയെ കൊണ്ടുവന്നു. പെപ്പിറ്റാസ് എന്ന പേരു തന്നെ നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചതെങ്കിലും അപ്പച്ചന് ഗാര്‍ളിക്ക് എന്ന പേരിനോടായിരുന്നു താല്‍പര്യം. ഗാര്‍ളിക്ക് (വെളുത്തുള്ളി) ഭൂതപ്പിശാചുക്കളെയൊക്കെ അകറ്റി നിര്‍ത്തുന്നതു കൊണ്ടാവും ആ പേരു നല്‍കിയത്. ആദ്യകാലത്ത് ശാരീരിക വിഷമതകള്‍ കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു യഥാര്‍ത്ഥ കാവല്‍ക്കാരനായി ഞങ്ങളുടെ വീട് കാക്കുന്നു.വെറുമൊരു പട്ടി എന്നതിനേക്കാള്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗം പോലെയായി അവന്‍.
1984-ല്‍ കൊച്ചുത്രേസ്യാ ടീച്ചറുടെ ഒന്നാം ക്ലാസ്സില്‍ വച്ചായിരുന്നു ഓര്‍മ്മയിലെ രണ്ട് സംഭവങ്ങള്‍ നടന്നത്. ഒന്ന് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ മരണം. രണ്ട് വരാപ്പുഴയിലെ അപ്പാപ്പന്റെ മരണം.1984 ഇങ്ങനെ ഓര്‍മ്മയില്‍ നില്‍ക്കുന്നു.

ഒരു KSRTC യാത്ര

ഓര്‍മ്മയില്‍ വരുന്ന ആദ്യത്തെ ബസ് യാത്ര ഈ സമയത്തായിരിക്കാം. അന്ന് എന്തിനായിരിക്കും പള്ളിത്തോട്ടില്‍ പോയത് !? അമ്മാമ്മയുടെ ഏതോ ഒരു ആങ്ങള മരിച്ചപ്പോള്‍ പോയതായിരിക്കാം. ഞങ്ങള്‍ പോകുവാനായി തിരുമാനിച്ചിരുന്നത് മൂത്തകുന്നത്തു നിന്നും വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന പച്ചയും മഞ്ഞയും നിറമുള്ള, തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. എക്സ്പ്രസിനായിരുന്നു. പക്ഷേ ഏറെ നേരം അമ്പലപ്പറമ്പില്‍ കാത്തിരുന്നെങ്കിലും പച്ചയും മഞ്ഞയും നിറമുള്ള ആ വണ്ടി വന്നില്ല. പകരം ഓറഞ്ചും മഞ്ഞയും കലര്‍ന്ന കെ.എസ്.ആര്‍.ടി.സി.ബസായിരുന്നു. ഇന്നും പച്ചയും മഞ്ഞയും നിറമുള്ള ആ ബസ് കാണുമ്പോള്‍ അന്നത്തെ പച്ചയും മഞ്ഞയും നിറമുള്ള ഓര്‍മ്മകള്‍ മനസിലേക്കോടിയെത്തും. അന്ന് ബസ് പോയ വഴിയൊന്നും ഓര്‍ക്കുന്നില്ലെങ്കിലും ബസില്‍ നിന്നും നോക്കുമ്പോള്‍ കാണുന്നതു പോലെ ദൂരത്തായി ഒരു ജങ്കാര്‍ അക്കരേയ്ക്ക് പോകുന്നത് ഓര്‍ക്കുന്നു.ഏതോ ഒരു സ്ഥലത്തു വച്ച് ഞാന്‍ കാണാന്‍ ഏറെ കൊതിച്ച ആ കാഴ്ച കണ്ടു. പച്ചയും മഞ്ഞയും നിറമുള്ള, തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. എക്സ്പ്രസ്. പക്ഷേ കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. ടയര്‍ പൊട്ടി അവശനായി കിടക്കുന്നു. പിന്നീടുള്ള യാത്രകളൊക്കെ ഒന്നിച്ച് വണ്ടി വാടകയ്ക്ക് വിളിച്ചാണ് നടത്തിയിരിക്കുന്നത് എന്നാണ് തോന്നുന്നത്. കാരണം എല്ലാവരും ചേര്‍ന്നുള്ള മറ്റൊരു കെ.എസ്.ആര്‍.ടി.സി. യാത്ര ഓര്‍മ്മയിലേക്ക് വരുന്നില്ല.
രണ്ടാം ക്ലാസില്‍ ക്ലാസ് ടീച്ചര്‍ ആരായിരുന്നു... ഓര്‍മ്മയില്ല. അല്ല, മേഴ്സി ടീച്ചര്‍. പഠനത്തില്‍ മാര്‍ക്ക് കുറയലല്ലാതെ പ്രത്യേകിച്ചൊന്നും ഓര്‍മ്മയിലില്ലാത്ത വര്‍ഷം.പരീക്ഷ കഴിഞ്ഞ് സ്ലേറ്റില്‍ ടീച്ചര്‍ നല്‍കിയ മാര്‍ക്കും ഉയര്‍ത്തിപ്പിടിച്ച് മറ്റ് രണ്ട് പേരും സെന്റ് ആന്‍സിലേക്ക് ഓടുമ്പോള്‍ എന്റെ സ്ലേറ്റ് ഉയര്‍ത്തിപ്പിടിക്കാന്‍ കൈകള്‍ക്കോ ഓടാന്‍ കാലുകള്‍ക്കോ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. കൂട്ടുകാരില്ലാത്ത രണ്ടാം ക്ലാസില്‍ വച്ച് ചിലപ്പോള്‍ ഉച്ചസമയത്ത് ഇടനാഴിയിലൂടെ നടന്ന് ചേട്ടന്‍ പഠിക്കുന്ന നാലാം ക്ലാസില്‍ ചെന്നിരിക്കുമായിരുന്നു ഞാന്‍. മൂന്നാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ ആരെന്ന് ഓര്‍മ്മയില്ല.മോളി ടീച്ചര്‍ ആയിരുന്നോ... ഓര്‍മ്മയില്ല. അതെയെന്നു തോന്നുന്നു. ക്ലാസ് എവിടെയായിരുന്നു എന്ന് ഓര്‍ക്കുന്നു. ഇടതുവശത്ത് മൂന്നാമത്തെ ബഞ്ചിലിരുന്ന് ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച മാഗല്ലനെ മാങ്ങാക്കള്ളന്‍ എന്ന് കളിയാക്കി പഠിച്ചപ്പോള്‍ മറ്റുള്ളവര്‍ പഠനത്തില്‍ മുന്നോട്ടുപോയി.മൂന്നില്‍ വച്ച് എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. ഷെമീര്‍. അവനെ മാത്രമാണ് ഞാന്‍ ഓര്‍ക്കുന്നത്. പിന്നെ ജിബി എന്ന ഒരു തടിച്ച പെണ്‍കുട്ടിയെയും. ഓര്‍ക്കാന്‍ കാരണം എന്താണാവോ ?! വലുതായപ്പോള്‍ ഞാന്‍ ആ കുട്ടിയെ കണ്ടിരുന്നു; എന്റെ സുഹൃത്തിന്റെ ചേട്ടന്റെ ഭാര്യയായിട്ട്. ഷെമീറുമായി നല്ല കൂട്ടായിരുന്നെങ്കിലും അവനെപ്പറ്റിയുള്ള അധികം ഓര്‍മ്മകള്‍ വരുന്നില്ല.ഏതോ ദിവസം ഉച്ചയ്ക്ക് ഓടിക്കളിക്കുമ്പോള്‍ അവനുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് മറിഞ്ഞു വീണതോര്‍ക്കുന്നു. ഇനി അതിന്റെ വല്ല അനന്തരഫലങ്ങള്‍ ഞങ്ങളുടെ കൂട്ടിനെ തകര്‍ത്തുകളഞ്ഞിരിക്കുമോ ?!

കണക്കും റോക്കറ്റും

എന്റെ ജീവിതത്തിലെ വില്ലന്മാരില്‍ ആദ്യത്തെ വില്ലന്റെ രംഗപ്രവേശനം ആ കാലത്തായിരുന്നു എന്നു തോന്നുന്നു. കണക്ക് ! ഈ കണക്ക് മൂലമാണ് അപ്പച്ചന്റെ കയ്യില്‍ നിന്നും ആദ്യത്തെ തല്ലു കിട്ടിയത്. അവസാനത്തേതും അതായിരുന്നു. കണക്കില്‍ ഞാന്‍ രക്ഷപ്പെടില്ല എന്ന് അപ്പച്ചന് അന്നേ മനസിലായിക്കാണും. മൂന്നില്‍ നിന്നും നാലിലെത്തിയപ്പോഴും കണക്ക് ഒരു കണക്കായി തുടര്‍ന്നു കൊണ്ടിരുന്നു. കണക്കുകൂട്ടലുകളും. എന്റെ സീറ്റ് പുറകിലേക്കായി. പഠിക്കുന്ന കൂട്ടുകാരെന്നെ ഉപേക്ഷിച്ചു. പഠിക്കാത്തവരെന്റെ കൂട്ടുകാരായി. അങ്ങിനെ ആനാപ്പുഴക്കാരന്‍ ഷൈജു എന്റെ കൂട്ടുകാരനായി. കണക്കില്‍ മാര്‍ക്ക് 10ഉം 12ഉം ഒക്കെയായി കുറഞ്ഞപ്പോള്‍ ദിവ്യയും റസലുമൊക്കെ എന്നെ വിട്ടു. പക്ഷേ ഷൈജു എന്നോടൊപ്പം ഉണ്ടായിരുന്നു. നാലാം ക്ലാസിലെ ഓണപ്പരീക്ഷയ്ക്ക് സാമൂഹ്യത്തിനു പകരം സയന്‍സ് പഠിച്ചു വന്ന എനിക്ക് അവന്റെ സാമൂഹ്യം പേപ്പര്‍ കാണിച്ചു തന്ന് രക്ഷപ്പെടുത്തിയ കാര്യം ഇപ്പഴും അവനെന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്.
പക്ഷേ ആ വര്‍ഷം തന്നെ ഞാനും അവനും വെവ്വേറെ ക്ലാസ്സുകളിലായി. അവനെ മറ്റൊരു ക്ലാസിലാക്കിയത് വിവാദമായ റോക്കറ്റേറ് കളിയും.ഒരു പെന്‍സിലിന്റെ പകുതിയോളം വരുന്ന ഒരു കുഞ്ഞുവടിയും അതിന്റെ ഒരറ്റത്ത് സൂചിയും മറ്റെ അറ്റത്ത് രണ്ട് ഫിലിം മടക്കി 'x' ആകൃതിയില്‍ പിടിപ്പിച്ച് ഒരു ചെറിയ റോക്കറ്റുപോലൊന്ന് ഉണ്ടാക്കും. കളിയോ, ഷൈജു ഒരു വട്ടത്തില്‍ നില്‍ക്കും. ഏകദേശം ഒരു മീറ്റര്‍ അകലത്തില്‍ വരച്ചിരിക്കുന്ന വരയില്‍ റോക്കറ്റ് എറിഞ്ഞു കൊള്ളിക്കണം. വരയില്‍ തന്നെ കുത്തുന്നുണ്ടോ എന്നു നോക്കാന്‍ വരയ്ക്കരികില്‍ ഞാനും നില്‍ക്കും.വിധി പക്ഷേ ആ റോക്കറ്റിനെ കൊണ്ടത്തിച്ചത് എന്റെ കാലിലായിരുന്നു. 'മനപ്പൂര്‍വ്വം' റോക്കറ്റ് കാലിലേക്കെറിഞ്ഞ ഷൈജുവിനായിരുന്നു പക്ഷേ ശിക്ഷ മുഴുവനും. അവന്‍ പറയുന്നതാരു കേള്‍ക്കാന്‍ !
എന്റെ സ്കൂള്‍ ജീവീതത്തിലെ ആദ്യത്തെയും അവസാനത്തെയും ട്രോഫി ലഭിച്ചത് ആ സ്കൂളില്‍ വച്ചാണ്. മതിലകം സെന്റ് ജോസഫ്സ് സ്കൂളില്‍ വച്ച് നടന്ന ഉപജില്ലാ കലോല്‍സവത്തില്‍ കവിതാപാരായണത്തിന് മൂന്നാം സ്ഥാനം. അന്നത്തെ ട്രോഫിയില്‍ ഞാന്‍ കുറെ കാലം ചായ കുടിച്ചു. ഒരു ചെറിയ ഗ്ലാസായിരുന്നു അന്ന് കിട്ടിയത്. നാലാം ക്ലാസിന്റെ അവസാനത്തില്‍ സ്കൂളില്‍ ഒരു സിനിമാ പ്രദര്‍ശനം നടന്നു. വലിയ സ്ക്രീന്‍ ഒന്നുമില്ല. ഹാളിന്റെ ഏറ്റവും മുന്നില്‍ ഒരു സ്റ്റൂളിന്റെ പുറത്ത് ഒരു ടി.വി വച്ചിട്ടുണ്ടായിരുന്നു. അതിനു മുന്നില്‍ ഒരു മാഗ്നിഫയിംഗ് ഗ്ലാസും. സിനിമ ഏതെന്നൊ, മോഹന്‍ലാല്‍ അഭിനയിച്ച 'താളവട്ടം'.
ഇന്നത്തെ എല്‍. പി. സ്കൂളിനു തെക്കുവശം ചേര്‍ന്നു നില്‍ക്കുന്ന ആ വലിയ തണല്‍ മരത്തിന്റെ വേരേലായിരുന്നു പല ആണ്‍കുട്ടികളുടെയും കളി. പ്രത്യേകിച്ച്, ഒരു പാത്രത്തിന്റെ ആകൃതിയില്‍ വേരിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു. ഇപ്പോഴുണ്ടോ... ? നോക്കണം. അതില്‍ കൈയ്യിട്ടു വാരലായിരുന്നു പ്രധാന പരിപാടി. എല്‍. പി. സ്കൂള്‍ ഇന്നെത്ര മാറിയിരിക്കുന്നു !

മദം പൊട്ടിയ ആന

ഞാന്‍ എല്‍. പി. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ പേടിച്ചു വിറച്ച ഒരു സംഭവമുണ്ടായത്. ഏതോ ഉത്സവത്തിനെത്തിയ ആന മദംപൊട്ടി സ്കൂളിനു മുന്നിലൂടെ ഓടുന്ന വാര്‍ത്ത ! അന്നത്തെ വിചാരം ആ ആനയെങ്ങാനും കുത്തിയാല്‍ സ്കൂള്‍ മുഴുവനായി നിലംപൊത്തും എന്നായിരുന്നിരിക്കും. ഉച്ചയ്ക്ക് എങ്ങിനെ പുറത്തിറങ്ങും എന്ന പേടിയിലായിരുന്നു എല്ലാവരും. പക്ഷേ ഉച്ചയോടെ എല്ലാവര്‍ക്കും സമാധാനമായി ആ വാര്‍ത്ത എത്തി. അന്ന് കോട്ടപ്പുറം-മൂത്തകുന്നം പാലം ഇല്ല.
പകരം കോട്ടപ്പുറം ചന്തക്കടവില്‍ നിന്നു ചങ്ങാടം കെട്ടിയ ബോട്ട് സര്‍വീസാണുള്ളത്. ചങ്ങാടത്തിലേക്ക് ഓടിയടുത്ത ആനയെക്കണ്ട ബോട്ടുകാര്‍ ബോട്ട് പെട്ടെന്നു തന്നെ മുന്നോട്ടെടുത്തു. ഓടി വന്ന ആന നേരെ പുഴയിലേക്കും. ആന ചാടിയ സ്ഥലത്ത് സാമാന്യം നല്ല ചെളിയായതിനാല്‍ കരിവീരന്‍ അവിടെ പ്രതിമ കണക്കെ നിന്നു പോയത്രെ! കാലുകള്‍ നാലും ചെളിയില്‍ fixed!
അങ്ങിനെ LP വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ UP യിലെത്തി.സ്വാതന്ത്ര്യത്തിനു കുറവും. LP യില്‍ വച്ച് റസലിനുണ്ടായ അവസ്ഥ വച്ചു നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അവന്റെ അപ്പനും അമ്മയും അവിടെത്തന്നെ ആയിരുന്നു. എന്റെ അമ്മച്ചി മാത്രമേ സെന്റ് ആന്‍സില്‍ ഉണ്ടായിരുന്നുള്ളു. അപ്പച്ചന്‍, ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ ആയിരുന്നു. 5 Aആയിരുന്നു ആദ്യ യു.പി. ക്ലാസ്സ്. ITC ക്ക് എതിര്‍വശത്തെ gate ലൂടെ അകത്തേക്കു കയറുമ്പോള്‍ ഇടതുവശത്തെ കെട്ടിടത്തിലെ മുകളിലത്തെ ക്ലാസ്സ്. അതൊരു താല്ക്കാലിക ക്ലാസ് മാത്രമായിരുന്നു. ഒരാഴ്ചത്തേക്കു മാത്രം! അതിനു ശേഷം നേരേ 5 Eയിലേക്ക്. കാരണം നിസാരം - 5 Eയില്‍ ഹിന്ദി പഠിപ്പിക്കുന്നത് അമ്മച്ചിയായിരുന്നു. പുതിയ കൂട്ടുകാരും പുതിയ ചുറ്റുപാടുകളും പുതിയ രീതികളും. 5A യില്‍ നിന്നും, കോണിപ്പടി കയറി ചെല്ലുമ്പോള്‍ തന്നെ ഇടതുവശത്ത് കാണുന്ന ക്ലാസായ 5E യിലേക്ക് മാറി ചെന്നപ്പോഴും മനസ് 5Aയില്‍ തന്നെയായിരുന്നു. കാരണം അവിടെ നിന്നാല്‍ പുറത്തെ, പ്രത്യേകിച്ച് പള്ളിപ്പറമ്പിലെ കാഴ്ചകള്‍ നന്നായി കാണാമായിരുന്നു. കാഴ്ച കാണല്‍ പണ്ടേ എന്റെ ദൗര്‍ബല്യമായിരുന്നു.
ഞാന്‍ നേഴ്സറിയില്‍ പഠിക്കുമ്പോള്‍ അന്നത്തെ 8/9 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ എന്നെ എടുത്തുകൊണ്ട് നടന്നിരുന്ന പല ക്ലാസ് മുറികളും അന്ന് എനിക്ക് വീണ്ടും കാണാന്‍ കഴിഞ്ഞു. ഇന്ന് ഞാന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ കുട്ടികള്‍ അധ്യാപകരുടെ മക്കളെ എടുത്തുകൊണ്ടു നടക്കുമ്പോള്‍ എന്നെ ചുമന്നു നടന്ന പഴയ രൂപങ്ങളൊക്കെ എന്റെ മനസില്‍ കടന്നുവരാറുണ്ട്.
5Aയില്‍ വച്ചായിരുന്നു തുന്നല്‍ എന്ന കലാപരിപാടി പഠന വിഭാഗമായി വന്നത്. തുന്നല്‍ പെണ്‍കുട്ടികള്‍ക്കിഷ്ടപ്പെട്ട പരിപാടിയായിരുന്നെങ്കിലും ആണ്‍കുട്ടികള്‍ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. എങ്ങിനെയെങ്കിലും, അവിടെയിടെയും ഇടക്ക് അപ്പുറത്തിരിക്കുന്നവനെയുമൊക്കെ കുത്തി ഇരിക്കാമായിരുന്നു. ഞാന്‍ തുന്നിയത് ഇപ്പോഴും അമ്മച്ചി സൂക്ഷിച്ചുവച്ചിട്ടുണ്ട്. 5ല്‍ ആരംഭിച്ച തുന്നല്‍ അവസാനിച്ചത് 8 ആം ക്ലാസിലായിരുന്നു. ആ സമയത്ത് പെണ്‍കുട്ടികള്‍ 5ല്‍ വച്ചുതന്നെ അഞ്ചും ആറും തുന്നിയിരുന്നിരിക്കാം.
അഞ്ചാം ക്ലാസിലെത്തിയപ്പൊഴാണ് അവിടെ സാഹിത്യസമാജം എന്ന പരിപാടി കൂടി ഉണ്ട് എന്ന് മനസിലായത്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ക്ലാസില്‍ കലാപരിപാടികള്‍ അവതരിപ്പിക്കണം. അന്ന് അതിലൊക്കെ ശരിക്ക് പങ്കെടുത്തിരുന്നുവെങ്കില്‍ ഇന്ന് കുറഞ്ഞത് ഒരു സൂപ്പര്‍ സ്റ്റാറെങ്കിലും ആകാമായിരുന്നു. മാര്‍ക്കിനനുസരിച്ച് സ്റ്റാര്‍ നല്‍കുന്ന പരിപാടിയും അവിടെ ഉണ്ടായിരുന്നു.
നന്നായി പഠിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍, അതിനു താഴെ റെഡ്, ഏറ്റവും താഴെ ഗ്രീന്‍. എനിക്ക് പ്രകൃതി വളരെ ഇഷ്ടമായിരുന്നതിലാവണം, ഞാന്‍ എന്റെ ഇഷ്ടം പച്ചയില്‍ നിന്ന് മുകളിലേക്ക് കൊണ്ടുപോകാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല.
കോളേജിലൊക്കെ ആയിരുന്നപ്പോള്‍ വേണമായിരുന്നു എന്നു തോന്നിയിരുന്ന ചില കാര്യങ്ങളൊക്കെ ഞാന്‍ കണ്ടത് അഞ്ചാം ക്ലാസിലെത്തിയപ്പഴാണ്. മാര്‍ക്കിനനുസരിച്ച് ക്ലാസ് റാങ്ക്, റാങ്കിനനുസരിച്ച് ഇരിപ്പിടവും!! ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഒന്നിച്ച്! ആ ഇരിപ്പ് പക്ഷേ ഒരു പ്രചോദനം പഠിക്കാന്‍ തന്നിരുന്നു. അടുത്ത പരീക്ഷയ്ക്ക് മാര്‍ക്കെങ്ങാനും കുറഞ്ഞാല്‍ വല്ല ആണ്‍കുട്ടികളുടെയും അടുത്തിരിക്കേണ്ടി വന്നാലോ!
ആറാം ക്ലാസുവരെ അമ്മച്ചിയോടൊപ്പമായിരുന്നു സ്കൂളിലേക്കുള്ള വരവും പോക്കും. ചിലപ്പോഴൊക്കെ റസ്സലും മേരി ടീച്ചറും കൂടെ ഉണ്ടാവും. അന്ന് LP സ്കൂളിന്റെ പുറകിലൂടെ ഇറങ്ങി ഒരു വലിയ കുഴിയിലൂടെ പോകുന്നതു പോലെ ഒരു വഴി ഉണ്ടായിരുന്നു. അതിലൂടെ പോയാല്‍ ചേരമാന്‍ പറമ്പ് മൈതാനത്ത് ചെന്ന് കയറാം. അവിടെ നിന്നും മൈതാനം മുറിച്ചു കടന്ന് താഴോട്ട് ഒരു ഇടുങ്ങിയ വഴിയിലൂടെ ആനാപ്പുഴ അമ്പലത്തിനു മുന്‍വശത്തുകൂടി നടന്ന് പുഴയ്ക്കരികിലൂടെ വീട്ടിലേക്കു പോകുന്നത് ഓര്‍ക്കുന്നു. പുഴയ്ക്കരികിലെത്തുമ്പോള്‍ പലപ്പോഴും അവിടെ ഒരു വഞ്ചിയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തുപോവുമായിരുന്നു. കാരണം പുഴയുടെ മറുകരയിലായിരുന്നു ഞങ്ങളുടെ വീട്. അധികനാള്‍ ആ വഴിക്ക് പോയിരുന്നില്ല.
ചിലപ്പോഴൊക്കെ കോട്ട വഴി നടന്ന് കോട്ടക്കടവില്‍ നിന്നും വഞ്ചിക്ക് മറുകരക്കിറങ്ങി വാര്‍ണോച്ചേട്ടന്റെ വീടിനു മുന്‍വശത്തൂടൊക്കെയായി, ഓരോ ചെറിയ തോടിനു മുകളിലായുള്ള തെങ്ങിന്‍ പാലത്തിലൂടെയൊക്കെ പിടിച്ച് നടന്ന് ഉല്ലാസ് ചേട്ടന്റെ വീടിനു മുന്നിലൂടെ എന്റെ വീട്ടിലെത്തുമായിരുന്നു. പക്ഷേ മഴക്കാലത്ത് ആ വഴി ബുദ്ധിമുട്ടായിരുന്നു. തോടിനു കുറുകെ ഇട്ടിരിക്കുന്ന ഉരുളന്‍ തെങ്ങിന്‍തടി പലപ്പോഴും വഴുക്കുള്ളതായിരിക്കും. കാലെങ്ങാനും തെറ്റി വെള്ളത്തിലെങ്ങാനും വീണാല്‍....!
ഇന്ന് കാണുന്ന ആനാപ്പുഴ പാലം അന്ന് പണിതട്ടില്ലായിരുന്നു. ഇപ്പഴത്തെ പാലത്തിന്റെ തെക്കുവശത്തു കാണുന്ന പഴയ പാലത്തിലൂടെ ആയിരുന്നു അന്ന് എല്ലാവരും യാത്ര ചെയ്തിരുന്നത്.
ചിലപ്പോഴൊക്കെ സ്കൂള്‍ കഴിഞ്ഞ് കോട്ട വഴി വരുമ്പോള്‍ തിരുത്തിപ്പുറത്തേക്കുള്ള, നിറഞ്ഞു കവിഞ്ഞ, ഇപ്പൊ വെള്ളം കയറും എന്ന പോലെ പോകുന്ന കടത്തുവഞ്ചിയില്‍ കയറി ഞങ്ങളുടെ കരയില്‍ ഇറങ്ങുന്ന കാര്യം ഓര്‍ക്കുമ്പഴേ എനിക്ക് പേടിയാകുമായിരുന്നു. അതുകണ്ട് ചിലപ്പോഴൊക്കെ കടവില്‍ നിന്നു തന്നെ ഒരു വഞ്ചി പ്രത്യേകം വിളിച്ച് വീട്ടിലേക്ക് പോകുമായിരുന്നു. ആ യാത്ര ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു. ഞാനും അമ്മച്ചിയും മാത്രമായി പുഴക്കിരുവശവുമുള്ള ഭംഗിയൊക്കെ ആസ്വദിച്ച് മെല്ലെ ഒരു യാത്ര!
ഞാനും അമ്മച്ചിയും മാത്രമായിരുന്നു സ്കൂളില്‍ നിന്നു വരുമ്പോളും പോകുമ്പോഴും. ഒന്നാം ക്ലാസ് മുതല്‍ അങ്ങിനെ തന്നെയായിരുന്നു. അപ്പൊ ചേട്ടനും ചേച്ചിയും എങ്ങിനെയായിരുന്നു?! അവര്‍ കൂട്ടുകാരുമായിട്ടായിരിക്കും പോന്നിരുന്നത് ! ചേച്ചി ഗവ. എൽപി സ്കൂള്‍ പാലിയംതുരുത്തിലായിരുന്നു ഒന്ന് മുതല്‍ നാലു വരെ പഠിച്ചത്. അപ്പച്ചന്‍ അവിടെയായിരുന്നു പഠിപ്പിച്ചിരുന്നത്.
വൈകുന്നേരം വീട്ടിലെത്തിയാല്‍ പിന്നെ മൈദയുടെ അടയുണ്ടാക്കി ചൂണ്ടയുമെടുത്ത് പുഴക്കരയിലേക്കു പോകും. കണ്ണുകാണുന്നതു വരെ ചൂണ്ടയിട്ടങ്ങിനെ നില്‍ക്കും. അഞ്ചോ ആറോ ചെറിയ കരിമീനെയൊക്കെ ഞാന്‍ പിടിച്ചിട്ടുണ്ടാകും. അപ്പോഴേക്കും പഠനം ആരംഭിക്കേണ്ടതിന്റെ വിളി അമ്മച്ചി ആരംഭിച്ചിട്ടുണ്ടാകും.
ഈ പുഴയോരത്തു നിൽക്കുമ്പോൾ എത്രയെത്ര ഓർമ്മകളാണ് മനസിലേക്കോടി വരുന്നത്... ഈ പുഴയിലൂടെ പണ്ട് കുണ്ടൂർക്ക് ഒരു ബോട്ട് സർവീസ് ഉണ്ടായിരുന്നു. ഞാനന്ന് സ്ക്കൂൾ പഠനം തുടങ്ങിയോ എന്നൊന്നും ഓർക്കുന്നില്ല. അന്ന് അപ്പച്ചൻ കുണ്ടൂർ സ്ക്കൂളിൽ പഠിപ്പിച്ചിരുന്ന കാലമാണ്. രാവിലെ തന്നെ തിരുവഞ്ചിക്കുളം കനാലാപ്പീസിനു സമീപത്തു നിന്നും ആരംഭിക്കുന്ന ആ ബോട്ട് ഞങ്ങളുടെ വീടിന് മുന്നിൽ കടവിനരികത്ത് കുറച്ച് നേരം നിർത്തുമായിരുന്നു. അതിൽ കയറി അപ്പച്ചൻ ജോലിക്കു പോകുന്നത് ഞാനിപ്പോഴും ഓർക്കുന്നു.

യുദ്ധം

ചില ശനിയാഴ്ചകളില്‍ മറുനാട്ടുകാരുമായി 'അതിശക്ത'മായ പോരാട്ടത്തിലായിരിക്കും ചേച്ചിയും ചേട്ടനും ഞാനുമടങ്ങുന്ന സൈന്യം. മറുനാട്ടുകാരായി അക്കരയില്‍ അന്ന് താമസിച്ചിരുന്ന പൊട്ടന്റെ മക്കളും. യുദ്ധകാരണങ്ങള്‍ പലതാണ്. ചിലപ്പോള്‍ ഞങ്ങള്‍ പുഴയില്‍ ചൂണ്ടയിടുമ്പോള്‍ അവര്‍ അക്കരെ നിന്നും കല്ലെറിയും, കല്ല് വന്ന് വീണ് മീനെല്ലാം ഓടിക്കളയും, ഞങ്ങള്‍ക്ക് മീനൊന്നം കിട്ടില്ല. അതോടുകൂടി യുദ്ധകാഹളം മുഴങ്ങുകയായി. മറ്റൊരു കാരണം, അവര്‍ക്ക് വീടിന് മുന്‍ വശത്ത് ഒരു കടയുണ്ടായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്ന് കണ്ണാടി കൊണ്ട് അങ്ങോട്ട് അവരുടെ കണ്ണിലേക്ക് വെയിലടിപ്പിക്കും. അത് അവര്‍ക്ക് യുദ്ധകാഹളത്തിന് കാരണമാകും. അല്ലെങ്കില്‍ ശനിയാഴ്ചകളില്‍ രാവിലെ ഉണരുന്നത് ഞങ്ങളിലാരുടെയെങ്കിലും ഇരട്ടപ്പേരുകള്‍ ഉറക്കെ വിളിക്കുന്നത് കേട്ടുകൊണ്ടായിരിക്കും.
ഇരു വശത്തേയ്ക്കും ചീറിപ്പാഞ്ഞു വരുന്ന കല്ലായിരിക്കും യുദ്ധകാഹളം. പിന്നെ കുറച്ചു നേരത്തേയ്ക് നിശബ്ദതയായിരിക്കും. ആയുധശേഖരണം നടത്തുന്ന സമയമാണ്. കല്ല്, വടി മുതലായവ ഉപയോഗിച്ച് കരയിലേക്കോ വീട്ടിലേക്കോ അല്ല ഏറ്. പാളിക്കല്ലുകള്‍, വെള്ളക്കയില്‍ ഈര്‍ക്കില്‍ കുത്തിയുണ്ടാക്കുന്ന വാണം. ഇവ രണ്ടുമാണ് പ്രധാന ആയുധങ്ങള്‍. എനിക്ക് പലപ്പോഴും കല്ലു പെറുക്കലും വെള്ളക്ക പെറുക്കലുമൊക്കെയായിരുന്നു പണി. ഈര്‍ക്കില്‍ കീറല്‍ ചേച്ചിക്കും. ഏറുമുഴുവന്‍ ചേട്ടനും. പാളിക്കല്ലുകൊണ്ട് വെള്ളത്തിനു മുകളിലേക്ക് എറിയുമ്പോള്‍ അഞ്ചോ ആറോ ചാട്ടം ചാടിയിട്ടായിരിക്കും മുങ്ങിത്താഴുന്നത്. കൂടുതല്‍ ചാടിച്ച് വെല്ലുവിളിക്കലാണ് യുദ്ധം! പലപ്പോഴും വെള്ളക്കവാണങ്ങളൊന്നും ലക്ഷ്യം കാണാറില്ല. അതൊക്കെ മറുകരയിലെത്താതെ വെള്ളത്തില്‍ തന്നെ നിലം പൊത്തും. കയ്യിലുള്ള ആയുധങ്ങള്‍ തീരുമ്പോള്‍ പതിയെ ഓരോരോ കല്ലുകള്‍ അങ്ങോട്ടുമിങ്ങോട്ടും പറന്നു തുടങ്ങും. കല്ലുകള്‍ പലപ്പോഴും കര തൊടുന്നതിനാല്‍ അത് വീട്ടുകാരറിയും. അത് ഏതെങ്കിലും യുദ്ധമുന്നണിയുടെ പിന്‍മാറ്റത്തില്‍ കലാശിക്കും.
ഒരു പ്രാവശ്യത്തെ യുദ്ധം അതികഠിനമായിരുന്നു. അതായിരുന്നു അവസാനത്തേതും. അന്ന് ആയുധങ്ങളെല്ലാം തീര്‍ന്നപ്പോള്‍ കല്ലുകള്‍ കുറെയേറെ ഇരുകരകളിലേക്കും പറന്നു. അക്കരെനിന്നും വന്ന ഒരു കല്ല് പറന്നിറങ്ങിയത് ഞങ്ങളുടെ വീടിന്റെ ജനല്‍ചില്ലിലായിരുന്നു. അതിനു മറുപടിയായി ചെന്ന കല്ലുകള്‍ അവരുടെ കടയിലെ രണ്ട് ചില്ലു ഭരണികള്‍ തകര്‍ത്തു കളഞ്ഞാണ് വാശി തീര്‍ത്തത്. രണ്ട് വീട്ടുകാരുടെയും 'ക്രൂരമായ മര്‍ദ്ദനമുറകള്‍' എറ്റുവാങ്ങി ഇരുമുന്നണികളും എന്നന്നേക്കുമായി പിന്‍വാങ്ങി. അതോടുകൂടി മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിന് പരിസമാപ്തിയായി. അന്നത്തെ സൈന്യാധിപനാണ് താഴെ കഴുക്കോലും കുത്തി വള്ളത്തില്‍ നില്‍ക്കുന്നത്. പഴയ ആ പാളിക്കല്ലുകള്‍ പലതും ചെളിയുടെ ആഴങ്ങളിലാണ്ടു കിടക്കുന്നുണ്ടാകും...

അഞ്ചിലെ ഗുസ്തിയൊക്കെ കഴിഞ്ഞ് ഞാന്‍ ആറാം ക്ലാസിലെത്തി.6 ബിയില്‍. പ്രധാന കോണിപ്പടി കയറി വലതു വശത്തെ രണ്ടാമത്തെ ക്ലാസ്. അവിടെ എനിക്ക് പുതിയ മൂന്ന് കൂട്ടുകാരെ കിട്ടി. ഒന്ന് പുല്ലൂറ്റ് കോഴിക്കടയില്‍ താമസിക്കുന്ന പ്രശാന്ത് സി. എസ്, പിന്നെ ഞാന്‍ എപ്പോഴും ഇടി കൂടിയിരുന്ന പ്രവീണ്‍, മൂന്നാമനായി കാരയിലെ സിജോ അവറാച്ചന്‍. സിജോ ആണ് ജീവിതത്തില്‍ ആദ്യമായി ക്രിസ്ത്മസ് ആശംസാ കാര്‍ഡ് എനിക്ക് അയച്ചത്.7-ല്‍ വച്ചായിരുന്നു അത്. ഈ പ്രവീണുമായി ഒരിക്കല്‍ ഒരു ഉച്ചസമയത്ത് നിലത്ത് കിടന്ന് ഉരുണ്ട് പഴയ സിനിമാ സ്റ്റണ്ടുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഇടി നടന്നു. ഇടിയുടെ കാരണങ്ങള്‍ പ്രത്യേകിച്ച് ഓര്‍മ്മയില്ല. അന്നത്തെ ഇടി പിടിവലിയിലും ഉന്തിലും തള്ളിലുമാണ് പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ട് ഷര്‍ട്ടിന്റെ മുകളിലെ 2 ബട്ടന്‍ പൊട്ടിപ്പോയിരുന്നു.ഉച്ചക്ക് ആദ്യത്തെ പിരിയഡ് അമ്മച്ചീടെ വക ഹിന്ദി ! ക്ലാസ് എടുക്കുന്നതിനിടയില്‍ അമ്മച്ചി അത് കണ്ടുപിടിച്ചു.ബട്ടണ്‍ രണ്ടെണ്ണം പൊട്ടിയിരിക്കുന്നു. എന്തോ മുടന്തന്‍ ന്യായം പറയുന്നതിനു മുന്നേ സത്യം ആരോ വിളിച്ചു പറഞ്ഞു. അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പഠിച്ചാല്‍ മനസമാധാനത്തോടെ ഒന്ന് ഇടി കൂടാന്‍ പോലും പറ്റില്ല! 6-ല്‍ എനിക്കു വേണ്ടി മാറ്റി വച്ചിരുന്ന അമ്മച്ചീടെ വക ചൂരല്‍ കഷായം ചൂടോടെ അന്നു കിട്ടി. ആ ഒറ്റുകാരന്‍ ആരായിരുന്നോ ആവോ!?
ആ വര്‍ഷം പകുതിയോടെ പ്രവീണ്‍ നവോദയയിലേക്ക് അഡ്മിഷന്‍ കിട്ടിപ്പോയതോടെ എന്റെ ഇടിയും അമ്മച്ചീടെ അടിയും ഇല്ലാതായി.

പ്രശാന്തും സിജോയും എന്റെ അടുത്ത കൂട്ടുകാരായി.

ചോരക്കളി

ഈ വര്‍ഷം സംഭവബബുലമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അല്പം പ്രശ്നക്കാരനായി തീര്‍ന്ന വര്‍ഷം! ഇപ്പോള്‍ സെന്റ് ആന്‍സ് സ്കൂളിലെ സ്റ്റേജിനു മുന്നില്‍ നില്‍ക്കുന്ന പുളിമരത്തില്‍ അന്ന് ധാരാളം പുളി ഉണ്ടായിരുന്നു.
വിലക്കപ്പെട്ടിരിക്കുന്നതിനാല്‍ കല്ലെറിയാന്‍ പാടില്ല എന്ന നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. ഞാന്‍ പുളിക്ക് കല്ലെറിഞ്ഞ ദിവസം, പക്ഷേ, സാധാരണ സംഭവിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, മുകളിലേക്കു പോയ കല്ല് തിരിച്ച് മണ്ണിലെത്തിയില്ല. ഒമ്പതിലെ ഏതോ ചേച്ചി കല്ലു താഴേക്കു വരുന്ന വഴിയില്‍ വന്ന് നിന്നത് എന്റെ കുറ്റമാണോ!? എവിടെയോ സ്വസ്തമായി കിടന്ന കല്ലിനെ എടുത്ത് മുകളിലേക്കെറിഞ്ഞതിന്റെ കോപം അതിന് അടങ്ങിയത് ചോര കണ്ടിട്ടാണെന്നു മാത്രം. കൂടെ എറിയുവാന്‍ മറ്റു വികൃതികള്‍ ഉണ്ടായിരുന്നതിനാലും കല്ലു് തലയില്‍ വീണതിന്റെ കരച്ചിലിലേക്ക് എല്ലാവരുടെയും ശ്രദ്ധ മാറിയതിനാലും സംഘര്‍ഷ ബാധിത പ്രദേശത്തു നിന്നും തന്ത്രപരമായി രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പക്ഷേ ആ രക്ഷപ്പെടല്‍ താത്കാലികം മാത്രമായിരുന്നു എന്ന് പിന്നീട് മനസിലായി. ഉച്ചക്ക് ആദ്യത്തെ പിരിയഡ് തന്നെ ഓഫീസില്‍ നിന്നും ഓരോരുത്തര്‍ക്കും പ്രത്യേകം പേരെഴുതിയ, ഓഫീസിലേക്കുള്ള, 'ക്ഷണക്കത്ത്' കിട്ടി. ഓഫീസിലെത്തിയ ഞങ്ങള്‍ക്ക് ഹെഡ്മിസ്ട്രസായിരുന്ന സി. സ്റ്റയിന് 'ആരുടെ കല്ലാണ് തല പൊളിച്ചത്?' എന്ന ഒരേ ഒരു ചോദ്യത്തിനേ ഉത്തരം കൊടുക്കേണ്ടയിരുന്നുള്ളു; അതാണെങ്കില്‍, പക്ഷെ, ആരും കൊടുത്തതുമില്ല. സിസ്റ്റര്‍ എല്ലാവരുടെയും മുഖത്ത് ഒന്നിരുത്തി നോക്കിയിട്ട്, ഞാനൊഴികെ ബാക്കി എല്ലാവരോടും 'വീട്ടില്‍ നിന്ന് ആളെ കൊണ്ടുവന്നിട്ട് ക്ലാസില്‍ ഇരുന്നാല്‍ മതി' എന്ന സുഖകരമായ വാചകം പറഞ്ഞ് തിരിച്ചയച്ചു. ടീച്ചറിന്റെ മകനായതു കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു എന്ന (മിഥ്യാ-)ധാരണ എന്റെ മനസില്‍ നിന്നും ഞാന്‍ പുറത്തു വിട്ടില്ല. മറ്റുള്ളവര്‍ക്ക് എന്നെ തിന്നാനുള്ള ദേഷ്യം ഉണ്ടായിരുന്നിരിക്കും. പക്ഷേ വീട്ടില്‍ ചെന്നപ്പോള്‍ അമ്മച്ചി അടിയുടെ പെരുന്നാള്‍ ആരംഭിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ശരിക്ക് മനസിലായത്. എന്റെ മുഖഭാവത്തില്‍ നിന്നു തന്നെ എന്റെ കല്ലാണ് ഈ പണി ഒപ്പിച്ചത് എന്ന് സിസ്റ്റര്‍ക്ക് മനസിലായിരുന്നു.

തല പോയാലും

6-ം ക്ലാസ് എനിക്കൊരു മാറ്റത്തിന്റെ കാലമായിരുന്നു. അതു വരെ ഞാന്‍ അമ്മച്ചിയുമായി ടീച്ചേഴ്സ് റൂമില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ആ പരിപാടി നിറുത്തി. കൂട്ടുകാരോടൊപ്പം ക്ലാസില്‍ തന്നെ ഇരുന്നായി എന്റെ ഭക്ഷണം കഴിക്കല്‍. ആ സ്ഥലം മാറ്റം മൂലം ഒരു പാരയും വന്നു പെട്ടു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് പാത്രവും കൈയ്യും കാലും കഴുകിക്കഴിഞ്ഞ് തിരികെ ക്ലാസിന്റെ പടിയിലെത്തുന്നത് ഓര്‍ക്കുന്നു. കാലേലാകെ മണ്ണു പറ്റിയിരിക്കും. അതിനാല്‍ പാത്രത്തില്‍ കുറച്ച് വെള്ളം പിടിച്ചാണ് എല്ലാവരും തിരികെ ക്ലാസിലേക്ക് വരുന്നത്. അത് ചവിട്ടുപടിയില്‍ നിന്ന് കാലേലൊഴിച്ച് എല്ലാവരും ക്ലാസിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഒരു ദിവസം പതിവുപോലെ ഞാന്‍ പാത്രത്തില്‍ വെള്ളമൊക്കെയായി വന്ന് കാല്‍ കഴുകി പോവാന്‍ തുടങ്ങിയതും അന്നത്തെ കുറച്ച് ചേച്ചിമാര്‍ വന്ന് പേരും ക്ലാസുമൊക്കെ ചോദിച്ച് എഴുതിയെടുത്തു പോയി. എന്തിനാണ് പേരൊക്കെ എഴുതിയെടുക്കുന്നത് എന്ന് ചോദിക്കാന്‍ അന്ന് എന്തുകൊണ്ടാണാവോ തോന്നാതിരുന്നത്?! ഏന്തായാലും ഉച്ചക്കത്തെ ഒന്നാമത്തെ പിരിയഡില്‍ തന്നെ എന്നെ താഴേക്ക് വിളിപ്പിച്ചു. പുറത്തിറങ്ങിയപ്പൊ എനിക്ക് ഭയങ്കര ധൈര്യം കിട്ടി. കാരണം ഞാന്‍ ഒറ്റക്കായിരുന്നില്ല താഴേക്ക് പോയത്. കൂടെ കുറെ 'അയല്‍ക്കാരും' ഉണ്ടായിരുന്നു. ഒരു ചെറു ജാഥ പോലെ ഉല്ലസിച്ചു ചെന്ന ഞങ്ങള്‍ക്ക് താഴെ പത്താം ക്ലാസിലെ ടീച്ചര്‍ വളരെ നല്ല സ്വീകരണം ഒരുക്കിയിരുന്നു. ഓ! സ്വീകരണത്തിന്റെ കാരണം പറയാന്‍ മറന്നു. ആയിടയ്ക്, ഞാന്‍ വരാതിരുന്ന ഏതോ ഒരു ദിവസം ചവിട്ടുപടിയിലെ കാല്‍ കഴുകല്‍ നിരോധിച്ചു കൊണ്ടുള്ള ഒരുത്തരവ് ഇറങ്ങിയിരുന്നു. മാത്രമല്ല ഇത് അനുസരിക്കാത്തവരെ പിടികൂടാന്‍ ചവിട്ടിപടിയുടെ മുന്നിലെ പത്താം ക്ലാസിലെ അന്നത്തെ ചേച്ചിമാരെ ചാരത്തികളായി അവരുടെ ക്ലാസ് ടീച്ചറായിരുന്ന ഈ ടീച്ചര്‍ നിയോഗിച്ചിരുന്നു. കാര്യങ്ങളുടെ കിടപ്പ് എനിക്ക് അപ്പോഴാണ് ശരിക്ക് മനസിലായത്. തല്ലുകൊള്ളുമെന്ന് ഉറപ്പായി. കണ്ണുംപൂട്ടി ഞാന്‍ എന്റെ അടവ് പുറത്തെടുത്തു. എന്തുചെയ്യുമ്പോഴും ആത്മാര്‍ത്ഥതയോടെ ചെയ്യണമെന്നത് പണ്ടേ എന്റെ പോളിസി ആയിരുന്നു.മിണ്ടാതെ നിന്നാൽ അടി കിട്ടുമെന്ന് ഉറപ്പായി. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല" തല പോയാലും സത്യം പറയണം എന്ന പോളിസി ഒന്നും എനിക്കുണ്ടായിരുന്നില്ല. ഇത് പറഞ്ഞു കഴിഞ്ഞതും കുറച്ചു നേരത്തേക്ക് ആകെ ആശയകുഴപ്പത്തിലായി. ഞാൻ വെള്ളമൊഴിച്ചാണു കേരിയതെന്ന് അവരും കേരിയട്ടില്ലാന്ന് ഞാനും. ഞാൻ പിടിച്ച മുയലിനു 3 കൊമ്പ് എന്ന നിലപാടിൽ അണുവിട മാറാതെ ഉറച്ചു നിന്നതോടെ വെള്ളമൊഴിക്കലുകാരെ പിടികൂടാൻ നിയോഗിക്കപ്പെട്ടവരുടെ നില പരുങ്ങലിലായി. ക്ലാസ് ടീച്ചരുടെ വക അന്നവർക്ക് കുറെ ശകാരം കിട്ടി; 'നിരപരാധി'യായ ഒരാളെ പിടികൂടിയതിനു. !!! അങ്ങിനെ നുണ പറയുമ്പോഴും ആത്മാർതമായി നുണ പറഞ്ഞതിനാൽ അന്നത്തെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു.

സ്വന്തം

6-)o ക്ലാസിൽ വച്ചാണ് 'സ്വന്തം' എന്ന പദത്തിന്റെ അർത്ഥവും ആവശ്യകതയുമൊക്കെ മനസിലായി തുടങ്ങിയത്. അത് മനസ്സിൽ ആഴത്തിൽ പതിയുന്നത് പലപ്പോഴും സ്വന്തം ഡസ്കും ബഞ്ചും ആരും അടിച്ച് മാറ്റാതെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ്. രാവിലെ തന്നെ എത്തുന്ന പെണ്‍കുട്ടികൾ ആണ് പലപ്പോഴും ആ ഡസ്കും ബഞ്ചും കൊണ്ടുപോകുന്നത്. ( അതിനു അവരെ കുറ്റം പറയാൻ പറ്റില്ല, കാരണം അന്യായമായി അവർക്ക് നഷ്ടപ്പെട്ട ഒന്ന് അവർ വീണ്ടെടുക്കാൻ ശ്രമിക്കുന്നതാണ്.) പല ദിവസങ്ങളിലായി നിലനിന്ന ഈ എടുക്കൽ കൊണ്ടുപോകൽ പ്രക്രിയ അധിക നാൾ നീണ്ടു നിന്നില്ല. കഷ്ടപ്പെട്ട് അന്യായമായി തട്ടിയെടുത്ത ഡസ്കും ബഞ്ചും ദിവസവും വൈകുന്നേരം വീണ്ടും തട്ടിയെടുക്കെണ്ട അവസ്ഥ വന്നതോടെ പിറ്റേ ദിവസം ഞങ്ങൾ വന്നത് കുറെ കയറുമായിട്ടാണ്. പിറ്റേ ദിവസം നേരത്തെ വന്ന 'ശത്രുക്കൾ' അവരുടെ 'സ്വന്തം വഹകൾ' എടുക്കുവാനുള്ള ശ്രമം തകൃതിയായി നടത്തി. പക്ഷെ ഒരു ഡസ്ക് വലിക്കുമ്പോ എല്ലാം നീങ്ങുന്ന വിചിത്രമായ അവസ്ഥയാ അവർക്ക് കാണാൻ കഴിഞ്ഞത്. ഒരു വശത്തെ എല്ലാ ഡസ്കുകളും ബഞ്ചുകളും പരസ്പരം കെട്ടിയിട്ടായിരുന്നു ഞങ്ങൾ, ആണ്‍കുട്ടികൾ തലേദിവസം സ്കൂൾ വിട്ടത്. ആ കെട്ടിന്റെ പണി അന്ന് തന്നെ ഹെഡ്മിസ്ട്രസ് അറിഞ്ഞു. ഇരു കൂട്ടരെം വിളിച്ചു പ്രശ്നം രമ്യമായി ഒത്തുതീർത്തു. ബഞ്ച് അവർക്കും ഡസ്ക് ഞങ്ങൾക്കും.

സീനിയേഴ്സും ചെമ്മീൻ കറിയും

ആറാം ക്ലാസിലെ പാരയും പണികളുമൊക്കെ ഏഴിലേക്കാക്കി. ഏഴിൽ ചെന്നപ്പോ ഞങ്ങളെ വരവേൽക്കാൻ 'സീനിയേഴ്സ്' ഉണ്ടായിരുന്നു. പഴയ പ്രധാന കെട്ടിടത്തിലെ മുകൾ നിലയിലേക്കുള്ള ചവുട്ടുപടികൾക്കു മുന്നിലുള്ള ക്ലാസ്. അതിന്റെ കെട്ടും മട്ടും കണ്ടിട്ട് അത് സ്കുളിന്റെ പഴയ വരാന്തയായിരുന്നിരിക്കണം. പിന്നീട് ക്ലാസ് മുറിയായി അടചുകെട്ടിയതായിരിക്കണം. സി. ലുസീറ്റ ആയിരുന്നു ക്ലാസ് ടീച്ചർ. അന്നൊക്കെ ഓരോ ദിവസവും ചോദ്യം ചോദിക്കല്ലേ എന്ന പ്രാർത്ഥനയിലാണ് ക്ലാസിൽ പോകുന്നത്.(തുടരും...)

12 comments:

  1. കാലത്തിന്റെ മലവെള്ളപ്പാച്ചിലിൽ കൈവിടാതെ കാത്ത ഓർമ്മകൾ നിത്യഹരിതം. സുന്ദരം. ആരും കാണാതെ എടുത്ത മരച്ചക്രങ്ങളും, പള്ളിപ്പെരുന്നാൾ സമ്മാനത്തിലെ ആണിയുടെ മൂർച്ചയും 11.30 -ന്റെ ഇടവേളയില്‍ എത്തുന്ന അമ്മച്ചിയും, മാങ്ങാക്കള്ളൻ മഗല്ലനും,വാര്‍ണ്ണിക്കുട്ടി വല്ല്യപ്പന്റെ കടയും, വേരിൽ ഉറപ്പിച്ച പാത്രത്തിൽ എണ്ണമറ്റ ഗതകാലകഥകളും പേറി നിൽക്കുന്ന എല്‍. പി. സ്കൂളിലെ വലിയ തണൽ മരവും, ചെളിചവിട്ടിയ ആനയും എല്ലാം ഓർമ്മകളുടെ നല്ല തുണ്ടുകൾ. എത്താപ്പൊക്കത്തു വച്ചിരുന്ന അമൂല്യമായ എന്തോ കയ്യിൽ വച്ച് തന്ന അനുഭവം അരുണിന്റെ ഈ കുറിപ്പ് വായിച്ചപ്പോൾ. ഇത്രയും ഞാൻ മുൻപ് പറഞ്ഞത് തന്നെയാണ്. പക്ഷെ ഇപ്പോളാണ് ബ്ലോഗ്‌ വായിക്കാൻ സാധിച്ചത്. 1984-ൽ ഞാൻ മാർത്തോമ സ്കൂളിൽ ആയിരുന്നു. ഉച്ചയ്ക്ക് സ്കൂൾ വിട്ടു വന്നതും റേഡിയോയിലെ ശോകമായ മൂളലും കേട്ട് ഉറങ്ങിയതും ഓര്ക്കുന്നു. ആ സ്റ്റാറുകളുടെ പടം ഞാൻ മകളെ കാണിച്ചു കൊടുത്തു. ഇപ്പോൾ ഗോൾഡൻ സ്റ്റാർ കാണണം എന്ന് പറയുന്നു അവൾ. നായക്കുട്ടികളുടെ പേരിനു എന്താ ഒരു പ്രൌഢി!! സ്കൂളിൽ പോയിരുന്നു ഞാൻ. ബീന ടീച്ചറെയും സ്റ്റെല്ല ടീച്ചറെയും, ആശ ടീച്ചറെയും ലിൻസി ടീച്ചറെയും കണ്ടു. കുട്ടികൾക്കൊക്കെ നമ്മുക്കൊന്നും ഇല്ലാതിരുന്ന ധൈര്യവും പക്വതയും. അതെന്നെ വല്ലാതെ അതിശയിപ്പിച്ചു. ഞാൻ കണ്ടവരിൽ കുട്ടിത്തം അശേഷമില്ലായിരുന്നു. കഴിഞ്ഞ കൊല്ലം ആഗസ്റ്റിൽ ഞാനും സജിതയും കൂടിയാണ് പോയത്. നല്ലൊരു അനുഭവമായിരുന്നു. ഓര്മ്മകളുടെ തിളക്കം ഒളിമങ്ങാതിരിയ്ക്കട്ടെ അരുണിന്റെ മനസ്സിൽ. ഈ നല്ല ഓർമ്മക്കുറിപ്പിനു എന്റെ ആശംസകൾ. കൂട്ടത്തിൽ പറയട്ടെ, ഞാൻ ഇവിടെ വായിച്ച ആ അവസാന വാചകം നോവോടെ ഹൃദയത്തിൽ ഉടക്കിയിരിയ്ക്കുന്നു. ഒന്നും അതെ പറ്റി അറിഞ്ഞുകൂടയെങ്കിൽ കൂടിയും. കാലം തന്നെ മരുന്നാകട്ടെ അരുണിന്റെ നോവുകൾക്കും. കൂടെ നല്ല ഓർമ്മകളും.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഓർമകളുടെ വേരുകൾക്ക് നിറം പിടിക്കുന്ന ചില അവസരങ്ങൾ വീണ്ടും ഒരുക്കിത്തന്നതിനു നന്ദി .....

      Delete
    3. ഓർമ്മകൾക്ക് പുതിയ ഉണർവേകാൻ ...അതിന്റെ വേരുകളെ വീണ്ടും നിറം പിടിപ്പിക്കാൻ സഹായിച്ചതിന് നന്ദി ....

      Delete
  2. ഈ നന്മ നിറഞ്ഞ വാക്കുകള്‍ക്ക് ഒരു വാക്ക് -- നന്ദി.

    ReplyDelete
  3. Ambili, Arun, Ningal Nostalgia adippichu kollumallo... Thanks.. Enno marannu poya ezhuthu podi thatti edukkan thonnunnu...

    ReplyDelete
  4. ധീരജ്... ഈ ഓർമ്മകൾ നമ്മെ വീണ്ടും നമ്മളാക്കുന്നു, നമ്മൾ നമ്മെ മറന്നുപോയിട്ടുണ്ടെങ്കിൽ...

    ReplyDelete
  5. Yes,nammude naadum vazhikalum.infact ithenikku oru chithrathilennapole kaanaam
    Ormakalekku thirichu kondupoyathinu nanni.

    ReplyDelete
  6. Yes,nammude naadum vazhikalum.infact ithenikku oru chithrathilennapole kaanaam
    Ormakalekku thirichu kondupoyathinu nanni.

    ReplyDelete
  7. Arun sir,I just can't believe this.How wonderfully u have depicted those days.Picturesque description.Really enjoyed the war episode.Should write more.Hats off!!!
    Mini Cleetus

    ReplyDelete
    Replies
    1. Thank u teacher ! It will be continued soon...

      Delete