Poems

പുനര്‍ജനി


ജനിപ്പിച്ചതെന്തിനു നീ തായേ
ജീവിപ്പതിനോ പുനര്‍ജനിക്കോ
ജീവിതമാമാഴിയില്‍ മുങ്ങിടാനോ
ആകാശനീലിമയില്‍ പാറിടാനോ

ജീവിതം പുനര്‍ജനിതന്‍
സപ്നസാക്ഷാത്കാരമായ്
ജനനിതന്‍ മാറിലേക്കേതോ
നേര്‍ത്ത വിങ്ങലായ് പടരവേ...

ഓര്‍ത്തുപോകുന്നു ഞാനെന്‍
ജീവിത വഴിത്താരകള്‍
ജീര്‍ണ്ണിച്ചു പോവതാം
ഉള്‍ക്കടലിന്‍ മോഹങ്ങള്‍.

തിരികെ വരുവാനാവില്ല നാളെയും
ഓര്‍മ്മതന്‍ വീചിയിലലയുവതിനായ്.
വിട തരിക മോഹമേ ഇനിയില്ല തിരികെ
നിന്‍ സ്വപ്നമൊന്നൊന്നായ് തല്ലിക്കെടുത്തുവാന്‍.


പാഴ്ജന്മങ്ങള്‍


മനമേ നീ ഒരേകാന്തനായി
ഇഹവാസമേവാന്‍ വിധിയുമായ്
എരിയുന്നു നെഞ്ചിലെ കാണാക്കനലുമായ്
ലോകമനക്കണ്ണില്‍ പരിഹാസ്യനായി

നീറുന്നൊരെന്‍ മനതാരിലാകെയായ്
നിറയുന്നു നിണമുതിരും ചിന്തകള്‍
മായില്ല മറയില്ല ഒന്നും ഒന്നൊന്നായ്
പാഴ്ജന്മമാം ഈ ജീവിതത്തില്‍.

സുന്ദരമീ ഭൂമിയിലൊരു മുള്‍ച്ചെടിയായി
നിലകൊള്‍വതോ മൂകസായാഹ്നത്തിനായി
താതാ, നീ ഇല്ലേ ഈ ലോകതാരില്‍
മാനവ മനസിന്‍ വേദനയകറ്റാന്‍ ?


ദാഹം


വറ്റിവരണ്ടതാം എന്നുള്‍ത്താരിലാദ്യമായ്
ഒരിറ്റുതുള്ളിതന്‍ ആനന്ദമേകുവാന്‍
സുഗന്ധമായ് പരിമളമുതിര്‍ത്തും നിന്‍
സാമീപ്യമെന്തേ ഇനിയുമകലേ...

കൂരിരുളും മുനയേറും മുള്‍ച്ചെടികളും
ഇണപിരിയാനാവാത്തീ മൂകസന്ധ്യയില്‍
ലോകസുഖങ്ങളന്യമാം വഴിത്താരയില്‍
വെറുതെയാകുമോ ഈ കാത്തുനില്‍പ് ?

മറ്റൊന്നുമേവില്ല സൗഖ്യത്തിന്‍ തുള്ളികള്‍
നിന്‍ വാക്കല്ലാതെ ഈ ശൂന്യവേളയില്‍
എങ്കിലും വരുമല്ലോ ദാഹമായ് നാളെയും
എന്‍ ജീവിതദു:ഖത്തിന്‍ അലയടികള്‍.


ഇരുട്ട്


ഏതാണ് സത്യം
ചോദിച്ചു മാനവര്‍
ഇരുളോ വെളിച്ചമോ
ഉത്തരമില്ലാര്‍ക്കും

ഏതാണ് സത്യം
ചോദിച്ചു മാനവര്‍
കറുപ്പോ വെളുപ്പോ
ഉത്തരം മാത്രമില്ല

ചോദ്യങ്ങളനവധി-
യാകിലുമൂഴിയിലുത്തര-
മേകുവാനാളില്ല ചുറ്റിലും
ഉത്തരമില്ലാത്ത ചോദ്യമായി.

കാട്ടിലോ മേട്ടിലോ
ആഴിതന്‍ തട്ടിലോ
എവിടെയാണ് ദൈവം ?
കാണുന്നീല വെളിച്ചമേവാന്‍.



പരീക്ഷ


ചോദ്യങ്ങളൊരു പിടി
മണല്‍ത്തരികളായ്
അകതാരിലോ
ഇരുണ്ടൊരു നിറമായ്

പതറുന്ന മനസ്സിന്റെ
ഹൃദയതാളം
നിലയ്കാതെ നീളുന്ന
ജീവിതാര്‍ത്ഥം

തോല്‍വിയാം വിധിയെ
ഓര്‍ത്തിടാനായ്
തുടരുന്നീ പരിഹാസ്യ
ദൈവീക നാടകം!



ഞാന്‍


ആരാണ് ഞാന്‍ ?
എനിക്കറിയില്ല
'ദൈവത്തിനറിയുമോ?'
അറിയില്ല തെല്ലും

എന്നോ ജനിച്ച ഞാന്‍
എങ്ങിനെയോ വളര്‍ന്ന ഞാന്‍
എന്തുചെയ്യും ഇനിയും
ഈ ലോകത്തെ വിസ്മരിക്കാന്‍

--- incomplete


മനസ്സ്


ഓർമ്മകൾ വിരിയും നേരം
താളിൽ കോറിയിടും ചിന്തകൾ
ഓർമ്മകൾ കൊഴിയും കാലം
മറിയുന്നു മറയുന്നു ഏടുകൾ

മനസിനാനന്ദം പോൽ വരും
മറവിയെന്നോരനുഗ്രഹം
ഈ നാളുമുണ്ടായ ജീവിതം
ചുരുങ്ങിടും ഒരു നിമിഷമായ്

പാഞ്ഞുപോകിടും ദിനങ്ങൾ
ആരെയോ നോക്കിടും പ്രകൃതിയും
എല്ലാം പിന്നിടും ഈ മോഹനം
കൊഴിഞ്ഞിടും നേരമേറെയില്ലാതെ

ഇന്നു നീ എൻ മനക്കണ്ണിലെ
നേർത്ത രൂപമായ് മാറവേ
സുന്ദരമാം നിൻ വദനം
അന്യമാവുമോ എൻ മനസ്സിന്ന്?


പലായനം


കാതങ്ങള്‍ നീളുമീയുലകിലെ വീചിയില-
ലയാന്‍ വിധിതന്‍ ഭാണ്ഡമേറവേ
പാതയോരത്തില്‍ കണ്ട മിഴികളില്‍
നിന്നിറ്റുവീഴുന്നു ചുടുകണ്ണീര്‍തുള്ളികള്‍

ഓര്‍മ്മയില്‍ തെളിയുന്നതാപ്പോയ കാലം
മേലാപ്പില്‍ നിറയുന്നതോ ലോകരോദനം
നെറികെട്ട ദൈവത്തെ പഴിക്കുന്ന മാനവാ
ഏകൂ നീ നിന്നെ സാത്താന്റെ ദാസനായ്

അവനില്ല ബലമായ് വചനങ്ങളേതുമേ
അവനില്ല കരുണതൻ സൗഖ്യസ്പർശനം
എങ്കിലും ഭയമായ് ശക്തിയായ് മേവുന്നു
നേരില്ലാതായോരുലകിന്റെ നാഥനായ്


മൺവെട്ടികൾ


ഇരുളിന്റെ അന്ധതയിൽ നെഗളിപ്പിൻ സ്പർശനം
വെളിവില്ലാമാനവൻ തൻ കവിത്രയ മഹാത്മ്യം
പൊള്ളയായ മനസ്സിന്നുടമയാം അല്പന്മാർ
മേവിടുമീ മന്നിലെന്തിന് മൺവെട്ടികൾ?

ഇന്നിന്റെ നേര് തിരിച്ചറിയാത്തവൻ
നാളെയുടെ നന്മയ്ക്കേകുമോ പുൽനാമ്പ്?
കുരുന്നു മനസ്സിന്റെ മികവൂറ്റിക്കുടിക്കുമീ
അട്ടയ്ക്കോ കിട്ടുമോ കാലണതൻ ബോധോദയം!?

അറിവും സമയവും പൈതങ്ങൾക്കേകീടുമ്പോൾ
ഏഷണിക്കുന്തമായ് അലയുന്നു ശകുനിയും
പറിച്ച് മാറ്റണം കളയായി മാറിയാൽ
അതെത്ര പഴമതൻ ചോറുണ്ടാലും...

No comments:

Post a Comment